live.fezamart.com Blog Uncategorized അപകടം മത്സര ഓട്ടത്തിനിടെ; കൊച്ചിയിൽ ബസുകൾക്ക് ഇടയിൽപെട്ട് ബൈക്ക് യാത്രിക മരിച്ചു, ഭ‍ർത്താവിന് ഗുരുതര പരുക്ക്
Uncategorized

അപകടം മത്സര ഓട്ടത്തിനിടെ; കൊച്ചിയിൽ ബസുകൾക്ക് ഇടയിൽപെട്ട് ബൈക്ക് യാത്രിക മരിച്ചു, ഭ‍ർത്താവിന് ഗുരുതര പരുക്ക്

കൊച്ചി: എറണാകുളം മേനക ജങ്ഷനിൽ ബസുകൾക്കിടയിൽപെട്ട് ബൈക്ക് യാത്രികരിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മത്സരയോട്ടത്തിനിടെയാണ് അപകടമെന്നാണ് വിവരം. തോപ്പുംപടി സ്വദേശിയായ സനിതയാണ് മരിച്ചത്. 36 വയസായിരുന്നു. സനിതയും ഭർത്താവും സഞ്ചരിച്ച ബൈക്കിൽ പുറകിൽ നിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു. ഒരേ ഉടമയുടെ രണ്ട് ബസുകളാണ് മത്സരയോട്ടം നടത്തിയത്. പരുക്കേറ്റ ഇരുവരെയും ഉടനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സനിതയെ രക്ഷിക്കാനായില്ല.

ബ്രോഡ് വേയിൽ നിന്ന് സാധനങ്ങൾ വാങ്ങാനെത്തിയതായിരുന്നു ദമ്പതികൾ.  ഭർത്താവ് ലോറൻസിനൊപ്പം ബൈക്കിൽ പിൻസീറ്റിലായിരുന്നു സനിത. ആദ്യം ഇവരെ ഓവർടേക്ക് ചെയ്തെത്തിയ സ്വകാര്യ ബസ് തൊട്ടടുത്ത് ബസ് സ്റ്റോപ്പിൽ നിർത്തി. ഇതോടെ ബൈക്ക് മുന്നോട്ടെടുക്കാനായി വീണ്ടും വലതുവശത്തേക്ക് തിരിച്ചപ്പോഴാണ് മറ്റൊരു സ്വകാര്യ ബസ് അമിതവേഗതയിൽ നിയന്ത്രണമില്ലാതെ ഇവരുടെ ബൈക്കിൽ വന്നിടിച്ചത്. ഇതോടെ രണ്ട് ബസ്സുകൾക്ക് ഇടയിലായി സനിതയും ഭർത്താവും.

ഇടിയുടെ പ്രഹരത്തിൽ നിർത്തിയിട്ടിരുന്ന ബസ്സിന്റെ അടിയിലേക്ക് വീണു ഭർത്താവ്. എന്നാൽ അമിതവേഗതയിൽ മുന്നോട്ട് പോയ ബസ്സിന്റെ അടിയിലേക്ക് തെറിച്ച് വീണത് പിൻസീറ്റിലിരുന്ന സനിതയായിരുന്നു. ഫോർട്ട് കൊച്ചി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സജിമോൻ എന്ന ബസ്സാണ് ഇവരുടെ ബൈക്കിൽ വന്നിടിച്ചത്. ആലുവ ഇടക്കൊച്ചി റൂട്ടിലോടുന്ന ബസ്സ് ആണിത്. ഭർത്താവ് ലോറൻസിനെ പരിക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സനിതയുടെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

Exit mobile version