March 14, 2025
Chicago 12, Melborne City, USA
Uncategorized

​ഗർഭിണിയായ ഭാര്യയുടെ മുന്നിൽവെച്ച് ദളിത് യുവാവിനെ കൊലപ്പെടുത്തി; ദുരഭിമാനക്കൊലയിൽ വാടക കൊലയാളിക്ക് വധശിക്ഷ

ബെം​ഗളൂരു: രാജ്യത്തെ ഞെട്ടിച്ച തെലങ്കാനയിലെ മിരിയാലഗുഡയിലെ ദുരഭിമാനക്കൊലയിൽ വാടകക്കൊലയാളിയെ വധശിക്ഷയ്ക്ക് വധിച്ച് കോടതി. ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച് ദളിത് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിലാണ് ആറ് വർഷത്തിന് ശേഷം വിധി വന്നിരിക്കുന്നത്. പെൺകുട്ടിയുടെ അമ്മാവനടക്കം ആറ് പേർക്കും കോടതി ജീവപര്യന്തം ശിക്ഷയും വിധിച്ചു.

2018 സെപ്റ്റംബർ 14. അന്ന് രാവിലെ ഭാര്യ അമൃതവർഷിണിയുമൊത്ത് ആശുപത്രിയിൽ പോയി വരുമ്പോൾ ആണ് പ്രണയ് പെരുമല്ല എന്ന ദളിത്‌ യുവാവിനെ ഒരു സംഘം അക്രമികൾ വെട്ടിക്കൊന്നത്. കമ്പിപ്പാര കൊണ്ട് തലയ്ക്ക് അടിയേറ്റ പ്രണയ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കൊലപാതകത്തിന് പിന്നാലെ പ്രതികളെ പിടികൂടിയ പൊലീസിന് ഇത് ക്വട്ടേഷൻ കൊലപാതകമാണെന്ന് വ്യക്തമായി. പിന്നീട് വിശദമായി അന്വേഷിച്ചപ്പോഴാണ് അമൃതയുടെ അച്ഛനും അമ്മാവനും തന്നെയാണ് ഈ ക്വട്ടേഷൻ നൽകിയതെവന്ന് വ്യക്തമായത്. 

കേസിൽ ക്വട്ടേഷൻ എടുത്ത് കൊല നടത്തിയ സുഭാഷ് കുമാറിനാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. അസ്കർ അലി, അബ്ദുൽ ബാരി എന്നീ മറ്റ് രണ്ട് വാടകക്കൊലയാളികൾക്കും, അമൃതയുടെ അമ്മാവൻ ശ്രാവണിനും ജീവപര്യന്തം ശിക്ഷയും വിധിച്ചു. ഇതിൽ അസ്‌കർ അലി എന്ന വാടക ക്കൊലയാളി 2003-ൽ ഗുജറാത്ത് ആഭ്യന്തര മന്ത്രി ആയിരുന്ന ഹരേൻ പണ്ഡ്യയെ കൊന്ന കേസിൽ പ്രതി ആയിരുന്നു. അമൃതവർഷിണിയുടെ അച്ഛൻ കെ മാരുതി റാവു കേസിലെ രണ്ടാം പ്രതിയായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം മാരുതി റാവു ആത്മഹത്യ ചെയ്തു. 

അമ്മാവനും അച്ഛനുമെതിരെ അമൃത നൽകിയ ശക്തമായ സാക്ഷിമൊഴികളാണ് കേസിൽ നിർണായകമായത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് എതിരായ അതിക്രമങ്ങൾ പരിഗണിക്കുന്ന നൽഗൊണ്ടയിലെ പ്രത്യേക കോടതി ആണ് ശിക്ഷ വിധിച്ചത്. പ്രണയിന്‍റെയും അമൃതയുടെയും വിവാഹവാർഷികദിനത്തിൽ ഇവർക്കൊരു ആൺകുഞ്ഞ് ജനിച്ചിരുന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video