കോഴിക്കോട്: റോഡില്‍ തുടരെ ബൈക്കുകള്‍ തെന്നിവീഴാന്‍ തുടങ്ങിയതിന്റെ ആശങ്കയിലായിരുന്നു കോഴിക്കോട് കാരപ്പറമ്പിലെ നാട്ടുകാര്‍. ഒടുവില്‍ അതിന്റെ കാരണം കണ്ടെത്തിയപ്പോള്‍ ആശങ്ക, ആശ്ചര്യത്തിന് വഴിമാറി. കാരപ്പറമ്പ് മെയ്ത്ര ഹോസ്പിറ്റല്‍- എടക്കാട് റോഡിലാണ് കഴിഞ്ഞ ദിവസം ബൈക്കുകള്‍ റോഡില്‍ തെന്നി വീണത്.
വൈകീട്ടോടെ മഴ പെയ്തതിനെ തുടര്‍ന്ന് ഈ റോഡില്‍ ഏഴോളം ബൈക്ക് യാത്രികര്‍ നിയന്ത്രണം വിട്ട് വീണുപോവുകയായിരുന്നു. ഏതാനും പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തുടക്കത്തില്‍ മഴ കാരണം നിയന്ത്രണം വിട്ടതാകാം എന്ന് കരുതിയെങ്കിലും തുടരെ അപകടങ്ങള്‍ നടന്നപ്പോള്‍ നാട്ടുകാരിലും ദുരൂഹതയുണ്ടാവുകയായിരുന്നു. പൊലീസിനൊപ്പം ചേര്‍ന്ന് കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് യഥാര്‍ത്ഥ വില്ലനെ കണ്ടെത്തിയത്.
റോഡിന് സമീപത്തെ മരത്തില്‍ നിന്ന് മഴ പെയ്തപ്പോള്‍ കൂട്ടത്തോടെ ഞാവല്‍പ്പഴം റോഡിലേക്ക് വീണിരുന്നു. ഇതിലൂടെ വലിയ വാഹനങ്ങള്‍ കടന്നുപോയപ്പോള്‍ പഴത്തിന്റെ അവശിഷ്ടങ്ങള്‍ റോഡിലാകെ പരന്നു. ഈ സമയത്ത് ഇതുവഴി കടന്നുപോയ ബൈക്കുകളാണ് അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് പെട്ടെന്ന് തന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയും അവര്‍ സ്ഥലത്തെത്തി റോഡ് കഴുകി വൃത്തിയാക്കുകയും ചെയ്തു. ഇതോടെ കൂടുതല്‍ അപകടം ഒഴിവാകുകയായിരുന്നു.
Leave feedback about this