ശമ്പളമുളള ജോലിക്കാർ സാലറി അക്കൗണ്ടായിരിക്കും ഉപയോഗിക്കുക. പെട്ടെന്ന് ജോലി നഷ്ടമാകുകയോ ശമ്പളം മുടങ്ങുകയോ ചെയ്താൽ എന്തുസംഭവിക്കും? സോവിംഗ്സ് അക്കൗണ്ടും സാലറി അക്കൗണ്ടും തമ്മിലുള്ള വ്യത്യാസം ഇവിടെയാണ് പ്രകടമാകുക. ഒരു സേവിംഗ്സ് അക്കൗണ്ട് എന്നത് ജോലിയുള്ളവർക്കും അല്ലാത്തവർക്കും പണം നിക്ഷേപിക്കാനും ഏത് സമയത്തും പിൻവലിക്കാനും കഴിയുന്ന ഒന്നാണ്. സ്ഥിരമായി ആവശ്യമില്ലാത്ത പണം സുരക്ഷിതത്വത്തിനായി അക്കൗണ്ടിൽ സൂക്ഷിക്കാം. ചില ബാങ്കുകൾ ഉപഭോക്താക്കൾക്ക് ഈ അക്കൗണ്ടുകളിലെ തുകയ്ക്ക് കൂട്ടുപലിശയും നൽകുന്നു. ഇവിടെ നിക്ഷേപിക്കുന്ന പണം ഉപയോക്താക്കൾക്ക് അധിക നിയന്ത്രണങ്ങൾ ഇല്ലാതെ ഉപയോഗിക്കാം എന്നതാണ് സേവിംഗ്‌സ് അക്കൗണ്ടിന്റെ പ്രധാന സവിശേഷത.
സേവിംഗ്‌സ് അക്കൗണ്ടുകളും സാലറി അക്കൗണ്ടുകളും തമ്മിലുള്ള വ്യത്യാസങ്ങൾ:
മാസ ശമ്പളം നിക്ഷേപിക്കുന്നതിനോ സ്വീകരിക്കുന്നതിനോ ആണ് സാലറി അക്കൗണ്ട് എടുക്കുന്നത്. എന്നാൽ, ഒരു സേവിംഗ്സ് അക്കൗണ്ട് എന്നത് ആളുകൾക്ക് ജോലി ചെയ്യാതെ തന്നെ പണം നിക്ഷേപിക്കാൻ കഴിയുന്ന ഒന്നാണ്.
ഒരു സാലറി അക്കൗണ്ടിൽ മിനിമം ബാലൻസ് ആവശ്യമില്ല. എനനാൽ, സേവിംഗ്സ് അക്കൗണ്ടുകളിൽ പലപ്പോഴും ഒരു നിശ്ചിത മിനിമം ബാലൻസ് നിലനിർത്തേണ്ടതുണ്ട്. ആവശ്യമായ തുക അക്കൗണ്ടിൽ ഇല്ലെങ്കിൽ ഉപഭോക്താവിൽ നിന്ന് പിഴ ഈടാക്കാൻ ബാങ്കിന് അവകാശമുണ്ട്.
നിങ്ങൾക്ക് ഏത് ബാങ്കിലാണ് ശമ്പളം അല്ലെങ്കിൽ സേവിംഗ്സ് അക്കൗണ്ട് ഉള്ളത് എന്നതിനെ അടിസ്ഥാനമാക്കി നൽകുന്ന പലിശ നിരക്ക് വ്യത്യാസപ്പെടാം. മിക്ക ബാങ്കുകളും രണ്ട് അക്കൗണ്ടുകൾക്കും സമാന പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ചില ബാങ്കുകൾ സേവിംഗ്‌സ് അക്കൗണ്ട് ഉടമകൾക്ക് പണം ലാഭിക്കുന്നതിന് ഉയർന്ന പലിശ നിരക്ക് നൽകുന്നു.
ഒരു നിശ്ചിത കാലയളവിലേക്ക്, സാധാരണ 3 മാസത്തേക്ക് ഒരു ശമ്പള അക്കൗണ്ടിൽ ശമ്പളം ക്രെഡിറ്റ് ചെയ്തില്ലെങ്കിൽ, അക്കൗണ്ട് സ്വയമേവ ഒരു സാധാരണ സേവിംഗ്സ് അക്കൗണ്ടിലേക്ക് മാറും.. എന്നിരുന്നാലും, ഒരു സേവിംഗ്സ് അക്കൗണ്ട് സാലറി അക്കൗണ്ടാക്കി മാറ്റുന്നതിന്, ബാങ്ക് അനുമതി വേണം. നിങ്ങളുടെ തൊഴിലുടമയ്ക്ക് ബാങ്കുമായി ബന്ധമുണ്ടെങ്കിൽ, നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ട് സാലറി അക്കൗണ്ടാക്കി മാറ്റുന്നത് എളുപ്പമാണ്.