live.fezamart.com Blog Uncategorized ഏറ്റുമാനൂരിലെ അമ്മയുടെയും പെൺമക്കളുടെയും മരണം: നിര്‍ണായക തെളിവായ ഷൈനിയുടെ ഫോണ്‍ കണ്ടെത്തി, ശാസ്ത്രീയ പരിശോധന
Uncategorized

ഏറ്റുമാനൂരിലെ അമ്മയുടെയും പെൺമക്കളുടെയും മരണം: നിര്‍ണായക തെളിവായ ഷൈനിയുടെ ഫോണ്‍ കണ്ടെത്തി, ശാസ്ത്രീയ പരിശോധന

കോട്ടയം: ഏറ്റുമാനൂരിൽ മക്കളുമായി ട്രെയിനിന് മുന്നിൽ ചാടി മരിച്ച ഷൈനിയുടെ മൊബൈൽ ഫോൺ കണ്ടെത്തി. പാറോലിക്കലിലെ ഷൈനിയുടെ വീട്ടിൽ നിന്നാണ് പൊലീസ് ഫോൺ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പൊലീസ് ഫോൺ അന്വേഷിച്ചപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നായിരുന്നു മാതാപിതാക്കളുടെ മറുപടി. കേസിന്‍റെ തുടക്കം മുതൽ ഷൈനിയുടെ കുടുംബം നൽകുന്ന മൊഴികളിൽ വൈരുധ്യമുണ്ട്.

ഷൈനിയും മക്കളും മരിച്ച് ഒരാഴ്ചയായിട്ടും മൊബൈൽ ഫോൺ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കേസിൽ ഏറെ നിർണായകമായ ഫോൺ ആവശ്യപ്പെട്ട് പല തവണ പൊലീസ് കുടുംബത്തെ സമീപിച്ചിരുന്നു. ഇതിനിടെ ഫോൺ മാറ്റിയത് കുടുംബത്തിലെ ആരെങ്കിലുമാണോ എന്ന സംശവും പൊലീസിനുണ്ടായി. ഫോൺ കാണാതായതിലെ ദുരൂഹത വാർത്തയായതിന് പിന്നാലെയാണ് ഇന്ന് ഷൈനിയുടെ വീട്ടിൽ നിന്ന് ഫോൺ കണ്ടെത്തിയത്.

സ്വിച്ച് ഓഫായിരുന്ന ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ ഫോൺ ലോക്കായ നിലയിലായിലാണ്. സൈബർ വിദഗ്ധരുടെ സഹായത്തോടെ ലോക്ക് അഴിച്ച ശേഷം ശാസ്ത്രീയ പരിശോധനയക്ക് അയക്കും. മരിക്കുന്നതിന്‍റെ തലേന്ന് ഭർത്താവ് നോബി ലൂക്കോസ് ഫോണിൽ വിളിച്ച് അധിക്ഷേപിച്ചതാണ് ആത്മഹത്യ പ്രേരണയെന്നാണ് പൊലീസ് നിഗമനം. ഇത് മുൻ നിർത്തിയാണ് നോബി ലൂക്കോസിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയത്. നോബിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലുണ്ട്. രണ്ട് ഫോണുകളും ഒന്നിച്ച് പരിശോധിക്കും.

ഒപ്പം ഇത്രയും ദിവസം ഫോൺ ഒളിപ്പിച്ചത് ആരെന്നത് സംബന്ധിച്ചും അന്വേഷണമുണ്ടാകും. പല കാര്യങ്ങളിലും ഷൈനിയുടെ മാതാപിതാക്കൾ നൽകിയ മൊഴികളിലും പൊലീസിന് പൂർണ തൃപ്തിയില്ല. ഭർത്താവിന്‍റെ വീട്ടിൽ നിന്ന് എത്തിയതിനുശേഷം സ്വന്തം വീട്ടിലും ഷൈനി മാനസിക സമ്മർദം അനുഭവിച്ചിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. അച്ഛൻ കുര്യാക്കോസിന്‍റെയും അമ്മ മോളിയുടേയും മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. ഷൈനിയുടെ സഹോദരങ്ങളോടും കൂടുതൽ വിവരങ്ങൾ തേടും.

ഷൈനിയുടെ ഫോൺ എവിടെ? നിർണായക തെളിവായ മൊബൈൽ കണ്ടെത്താനായില്ല, മാതാപിതാക്കളുടെ മൊഴിയിൽ തൃപ്തിയില്ല

 

Exit mobile version