2004 ഏപ്രിൽ 17 ആയിരുന്നു അന്ന് ദിവസം, രാവിലെ 11 മണി തെന്നിന്ത്യന്‍ സിനിമ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന നടിയായിരുന്ന സൗന്ദര്യ കർണാടകയിലെ ബെംഗളൂരുവിനടുത്തുള്ള ജക്കൂർ എയർസ്ട്രിപ്പിൽ നിന്ന് സിംഗിൾ എഞ്ചിൻ സെസ്‌ന 180 വിമാനത്തില്‍ കയറി ടേക്ക് ഓഫിന് തയ്യാറായി നില്‍ക്കുകയാണ്. 2004 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സൗന്ദര്യ അന്നത്തെ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിക്കുവേണ്ടി പ്രചാരണം നടത്താൻ അയൽ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ കരിംനഗറിലേക്ക് പോകുകയായിരുന്നു സൗന്ദര്യ.
ടേക്ക് ഓഫ് ചെയ്ത് അഞ്ച് മിനുട്ടിനുള്ളില്‍ ആ ചെറുവിമാനം പൊട്ടിത്തെറിച്ച് ഒരു തീഗോളമായി ബെംഗളൂരുവിനടുത്തുള്ള കാർഷിക ശാസ്ത്ര സർവകലാശാലയുടെ ഗാന്ധി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ക്യാമ്പസില്‍ തകർന്നുവീണു.സൗന്ദര്യ അടക്കം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അന്ന് മരണപ്പെട്ടു. സൗന്ദര്യ എന്നറിയപ്പെടുന്ന സൗമ്യ സത്യനാരായണ എന്ന നടിക്ക് മരിക്കുമ്പോൾ വെറും 32 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മരിക്കുമ്പോൾ സൗന്ദര്യ ഗർഭിണിയായിരുന്നു. സഹോദരൻ അമർനാഥ്, ബിജെപി പാർട്ടി പ്രവർത്തകൻ രമേശ് കദം, പൈലറ്റ് ജോയ് ഫിലിപ്സ് എന്നിവരോടൊപ്പം അവർ കരിംനഗറിലേക്ക് യാത്ര ചെയ്തത്. അവര്‍ എല്ലാം മരണപ്പെട്ടു. ശരിക്കും മൃതദേഹങ്ങള്‍ എല്ലാം കത്തിക്കരിഞ്ഞ് ചിതറിയ നിലയിലായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ പോലും വളരെ ബുദ്ധിമുട്ടിയെന്നാണ് അന്നത്തെ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.
കന്നഡ, തമിഴ്, ഹിന്ദി, മലയാളം സിനിമകൾക്ക് പുറമേ സൗന്ദര്യ പ്രധാനമായും തെലുങ്ക് സിനിമകളിലാണ് നിറഞ്ഞുനിന്നത്. 1999-ൽ പുറത്തിറങ്ങിയ സൂര്യവംശം എന്ന സിനിമയിലൂടെ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചതിന് ശേഷം സൗന്ദര്യയ്ക്ക് വ്യാപകമായ പ്രശസ്തിയും അംഗീകാരവും ലഭിച്ചു.
ഈ വിമാന അപകടത്തിന് ഒരു വര്‍ഷം മുന്‍പാണ് രഘു എന്ന ഐടി പ്രൊഫഷണലിനെ സൗന്ദര്യ വിവാഹം കഴിച്ചത്.ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലയിൽ പോലീസിന് ലഭിച്ച ഒരു പരാതിയില്‍ നിന്നാണ് 20 വർഷത്തിനു ശേഷം സൗന്ദര്യയുടെ മരണം ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു. സൗന്ദര്യയുടെ മരണം ആകസ്മികമല്ലെന്നും തെലുങ്ക് നടൻ മോഹൻ ബാബുവുമായുള്ള സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കൊലപാതകമാണെന്നും പരാതിക്കാരനായ ചിറ്റിമല്ലു ആരോപിച്ചിരിക്കുന്നത്. ഇതോടെ വീണ്ടും സൗന്ദര്യയുടെ മരണം വലിയ ചര്‍ച്ചയാകുകയാണ്.
2002 ല്‍ ഇറങ്ങിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ് സൗന്ദര്യ ആദ്യം മലയാളത്തില്‍ എത്തിയത്. പിന്നാലെ 2003 ല്‍ പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിന്‍റെ കിളിചുണ്ടന്‍ മാമ്പഴത്തിലും അഭിനയിച്ചു.