March 14, 2025
Chicago 12, Melborne City, USA
Uncategorized

കെ കെ കൊച്ചിന് കേരളത്തിൻ്റെ യാത്രാമൊഴി: പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു

കോട്ടയം: അന്തരിച്ച ദളിത് ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കെ.കെ കൊച്ചിന്‍റെ മൃതദേഹം കടുത്തുരുത്തിയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ  സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടത്തിയത്.  രാവിലെ പത്ത് മണി മുതൽ കടുത്തുരുത്തി കമ്മൂണിറ്റി ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു. ഇന്നലെ ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിച്ചിരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളിൽ നിന്നായി നിരവധി ആളുകളാണ് കെ.കെ  കൊച്ചിനെ അവസാനമായി കാണാൻ എത്തിയത്.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ മോൻസ് ജോസഫ്, അനൂപ് ജേക്കബ്, സി കെ ആശ, കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങി ആയിരക്കണക്കിന് ആളുകളാണ്  വീട്ടിലും കടുത്തുരുത്തി കമ്മ്യൂണിറ്റി ഹാളിലും അന്തിമോപചാരമർപ്പിക്കാൻ എത്തിയത്.

ദളിത് വാദവും അംബേദ്ക്കറിസവും ഉയര്‍ത്തുന്നവരില്‍ തനി വഴി സ്വീകരിച്ച സാമൂഹിക രാഷ്ട്രീയ പ്രവത്തകനായിരുന്നു കെ.കെ കൊച്ച് എന്ന കൊച്ചേട്ടന്‍. അരിക് ജീവിതത്തോട് പൊരുതി കോട്ടയം തലയോലപ്പറമ്പിലെ കുഴിയംതടത്ത് നിന്ന് മുഖ്യധാരയിലേക്ക് ഉയര്‍ന്നുവന്ന ധിഷണശാലിയായിരുന്നു. തന്‍റെ ജനത അനുഭവിക്കുന്ന രാഷ്ട്രീയ, സാമൂഹിക സാമ്പത്തിക അടിമത്തം എന്ന് മാറുമെന്ന ആശങ്ക അദ്ദേഹത്തെ പോരാളിയാക്കി. മാര്‍ക്സിയന്‍, അംബേദ്ക്കര്‍ ചിന്തകളായിരുന്നു ആദ്യത്തെ കൂട്ട്. എന്നാല്‍ മാര്‍ക്സിയന്‍ തത്വങ്ങളുടെ പ്രായോഗികതയില്‍ നിരാശ തോന്നിയ അദ്ദേഹം  ദളിത് പോരാട്ട ധാരയിലെത്തി.

ആശയത്തിലൂന്നി സംവദിട്ട അദ്ദേഹം സാമൂഹ്യ സാഹചര്യങ്ങളോട് പടവെട്ടിക്കൊണ്ടിരുന്നു. അടിയന്തരാവസ്ഥ കാലത്തെ ഒളിവ് ജീവിതം സമരസപ്പെടാത്ത സാമൂഹ്യ ബോധത്തിന് നേര്‍സാക്ഷ്യമാണ്. ദളിത് വിഭാഗത്തെ പിന്നോട്ട് വലിക്കുന്ന സാമൂഹിക യാഥാര്‍ഥ്യങ്ങളെ പെരുപ്പിച്ചു കാണിക്കാതെ അതിനെ മറികടക്കാന്‍ സ്വത്തിലും പദവിയിലും അറിവിലും അധികാരത്തിലും മേല്‍കൈ നേടണമെന്ന് കൊച്ചേട്ടന്‍ വാദിച്ചു. ഭൂപരിഷ്കരണം അടിസ്ഥാന വിഭാഗത്തെ പാര്‍ശ്വവത്കരിക്കുകയായിരുന്നുവെന്ന് വിളിച്ചു പറഞ്ഞു. 

പുലയ രാജാവും കര്‍ഷക നേതാവുമെന്ന നിലയില്‍ ഒതുക്കപ്പെട്ട അയ്യന്‍കാളിയുടെ ഖ്യാതി സമൂഹ്യ പരിഷ്കര്‍ത്താവിലേക്ക് പരിവര്‍ത്തനം ചെയ്ത എഴുത്തുകാരനായിരുന്നു അദ്ദേഹം. കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ചശേഷം മുഴുവന്‍ സമയ സാമൂഹിക പ്രവര്‍ത്തകനായി. പ്രക്ഷോഭങ്ങളിലൂടെ ചലനാത്മകമാകണം ദളിത് മുന്നേറ്റമെന്നും ഓര്‍മപ്പെടുത്തി. ചരിത്രം, സാഹിത്യം, സാഹിത്യ നിരൂപണം, ഭരണഘടന, ഫെമിനിസം, ന്യൂനപക്ഷം തുടങ്ങിയ വിഷയങ്ങളിലെ അഗാധ പാണ്ഡിത്യം കൊച്ചേട്ടനെ സമകാലിക ലോകത്ത് അനിവാര്യനാക്കി.

എന്നാല്‍ ചില നിലപാടുകളില്‍ വിമര്‍ശിക്കപ്പെട്ടു. ദളിത് മുന്നേറ്റങ്ങള്‍ ഇടത് വിരുദ്ധത അവസാനിപ്പിക്കണം, പിന്നാക്ക ന്യൂനപക്ഷ ദളിത് ഐക്യം ഊട്ടിയുറപ്പിക്കണം തുടങ്ങിയ വാദങ്ങള്‍ വിമര്‍ശനത്തിന് പാത്രമായി. കുടിൽ കെട്ടി സമരത്തിലെ നിലപാടും വേറിട്ടുള്ളതായിരുന്നു. ദളിതന്‍ എന്ന ആത്മകഥയിലൂടെ തന്‍റെ നിലപാടുകളുടെ ചരിത്രപരമായ പശ്ചാത്തലം അദ്ദേഹം വിശദമാക്കി. വിമര്‍ശകരില്‍ പലരും കൊച്ചിന്‍റെ വേറിട്ട നിലപാടുകളെ അംഗീകരിച്ചത് ആത്മകഥയ്ക്ക് ശേഷമാണ്. ഏറെകാലം സാംസ്കാരിക ലോകത്ത് സജീവ സാന്നിധ്യമായിരുന്നെങ്കിലും വ്യവസ്ഥാപിത നേതൃത്വം കൊച്ചിനെ അംഗീകരിക്കാന്‍ വൈകി .2021ല്‍ സമഗ്ര സംഭാവനയ്ക്കുളള കേരള സാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹത്തിനായിരുന്നു. 

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video