ബെംഗളൂരു നിവാസികൾക്കും സമൂഹ മാധ്യമ ഉപയോക്താക്കൾക്കും “പീക്ക് ബംഗളൂരു മൊമെന്റ്” ട്രെൻഡ് സുപരിചിതമാണ്. അറിയാത്തവർക്കായി, ബംഗളൂരു നഗര ജീവിതവുമായി ബന്ധപ്പെട്ട രസകരമായ അല്ലെങ്കിൽ അസാധാരണമായ ഏതെങ്കിലും സംഭവങ്ങളാണ് ഈ ട്രെൻഡിൽ ഉൾപ്പെടുന്നത്. അത്തരത്തിലുള്ള ഒരു സംഭവം ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ചർച്ചയാവുകയാണ്. ഇക്കുറി ഒരു ഓട്ടോ ഡ്രൈവറും അയാളുടെ ഓട്ടോറിക്ഷയുമാണ് സമൂഹ മാധ്യമ കുറിപ്പിലെ കഥാപാത്രങ്ങൾ.
രൂപ മാറ്റം വരുത്തിയ ഒരു ഓട്ടോറിക്ഷയുടെ ഡ്രൈവർ സീറ്റാണ് സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടയിൽ കൗതുകം സൃഷ്ടിച്ചിരിക്കുന്നത്. സാധാരണയായി ഓട്ടോറിക്ഷയിൽ കാണുന്ന ഡ്രൈവർ സീറ്റിന് പകരം വളരെ സുഖകരമായ രീതിയിൽ ഇരിക്കാൻ സാധിക്കുന്ന വിധം സജ്ജീകരിച്ചിരിക്കുന്ന ഒരു ഓഫീസ് ചെയറാണ് ഉള്ളത്. അസാധാരണമായ ഈ മാറ്റം വരുത്തിയ ഓട്ടോറിക്ഷയുടെ ചിത്രം കിറ്റ്കിറ്റ്ഗുഡ്ഡെ ഹാക്കോനു എന്ന ഹാൻഡിലാണ് റെഡ്ഡിറ്റിൽ പങ്കുവെച്ചിരിക്കുന്നത്. “പക്കാ ലോക്കൽ ഓട്ടോ ഗെയിമർ,” എന്ന വിശേഷണത്തോടെയാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ചിത്രം ഓൺലൈനിൽ പങ്കുവെച്ചതിന് തൊട്ടുപിന്നാലെ നിരവധി പ്രതികരണങ്ങൾ ലഭിച്ചു. എവിടെ നിന്നാണ് ഇത്തരം ഐഡിയകൾ കിട്ടുന്നതെന്നും ഓട്ടോ ഫെരാരി എന്നും ആളുകൾ ചിത്രത്തിന് താഴെ കുറിപ്പുകൾ രേഖപ്പെടുത്തി. ട്രാഫിക് ബ്ലോക്കിൽ പെടുമ്പോൾ സുഖമായി വിശ്രമിക്കാൻ ആയിരിക്കാമെന്നും ചിലർ അഭിപ്രായപ്പെട്ടു. മുമ്പും സമാനമായ രീതിയിൽ ഡ്രൈവർ സീറ്റ് മാറ്റി അവിടെ ഓഫീസ് ചെയർ പിടിപ്പിച്ച് അതിൽ സുഖമായിരുന്നു ഓട്ടോ ഓടിച്ചു പോകുന്ന ഒരു വ്യക്തിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അതും ബെംഗളൂരുവിൽ നിന്നുള്ളതായിരുന്നു.
Leave feedback about this