‘ദി മാൻ വിത്ത് ദി ഗോൾഡൻ ആം’ എന്ന് വിളിപ്പേരുള്ള ജെയിംസ് ഹാരിസൺ വിടവാങ്ങി. തൻറെ രക്തത്തിലെ അപൂർവ്വ പ്ലാസ്മയിലൂടെ ലോകമെമ്പാടുമുള്ള ഏകദേശം 24 ലക്ഷം കുഞ്ഞുങ്ങൾക്കാണ് ഇദ്ദേഹം ജീവിതം സമ്മാനിച്ചത്.
60 വർഷക്കാലത്തിനിടയിൽ തൻറെ അപൂർവ്വ പ്ലാസ്മ ഇദ്ദേഹം 1100 തവണ ദാനം ചെയ്തു. 88 -ാം വയസ്സിലാണ് ഇദ്ദേഹത്തിൻറെ വിടവാങ്ങൽ. ഹാരിസണിന്റെ രക്തത്തിൽ അടങ്ങിയിരുന്ന ആൻ്റി-ഡി ആൻ്റിബോഡിയാണ് ഇദ്ദേഹത്തിൻറെ രക്തത്തെ അപൂർവമാക്കിയത്. ഗർഭസ്ഥ ശിശുക്കളിലെ RhD എന്നറിയപ്പെടുന്ന റിസസ് രോഗം ഭേദമാക്കുന്നതിൽ ആൻ്റി-ഡി നിർണായക പങ്ക് വഹിക്കുന്നുണ്ട്.
1954 മുതലാണ് ഹാരിസൺ തന്റെ രക്തം ദാനം ചെയ്യാൻ തുടങ്ങിയത്. 81 വയസ്സ് വരെ 64 വർഷം ഓരോ രണ്ടാഴ്ച കൂടുമ്പോഴും അദ്ദേഹം രക്തം ദാനം ചെയ്തു. ന്യൂ സൗത്ത് വെയിൽസിൽ നിന്നുള്ള ജെയിംസ് ഹാരിസൺ, ഓസ്‌ട്രേലിയയിൽ ദാനത്തിന് ആവശ്യമായ അത്രയും ആൻ്റി-ഡി ഉള്ള അപൂർവ്വം ചിലരിൽ ഒരാളാണ്.
ഒരു അമ്മയുടെ രോഗപ്രതിരോധ സംവിധാനം ഗർഭസ്ഥ ശിശുവിൻ്റെ രക്തത്തെ തെറ്റായി ആക്രമിക്കുകയും, ഗുരുതരമായ മസ്തിഷ്ക ക്ഷതം, ഹൃദയസ്തംഭനം, അല്ലെങ്കിൽ മരണം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്ന ആൻ്റിബോഡികൾ ഉത്പാദിപ്പിക്കുമ്പോഴാണ് RhD സംഭവിക്കുന്നത്.
1960 -കളിൽ ആൻ്റി-ഡി വികസിപ്പിക്കുന്നതിന് മുമ്പ്, RhD രോഗനിർണയം നടത്തിയ പകുതിയോളം കുഞ്ഞുങ്ങൾ ആ രോഗാവസ്ഥയെ അതിജീവിച്ചില്ല. ആൻ്റിബോഡിയുടെ സിന്തറ്റിക് ഉത്പാദനം ഇപ്പോഴും സാധ്യമല്ലാത്തതിനാൽ, ഹാരിസണെപ്പോലുള്ള ദാതാക്കൾ ആൻ്റി-ഡിയുടെ ഏക ഉറവിടമായി തുടരുന്നു. ജീവൻ അപകടപ്പെടുത്തുന്ന ഈ അവസ്ഥയെ തടയുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.
വ്യക്തിപരമായ ഒരു നേട്ടവും ഇല്ലാതിരുന്നിട്ടും തൻറെ ധാർമികമായ ഉത്തരവാദിത്തമായാണ് ഹാരിസൺ ആൻറി ഡി ദാനത്തെ കണ്ടിരുന്നത്. മെഡൽ ഓഫ് ദി ഓർഡർ ഓഫ് ഓസ്‌ട്രേലിയ (1999), ഏറ്റവും കൂടുതൽ ബ്ലഡ് പ്ലാസ്മ ദാനം ചെയ്തതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് (2005-2022) എന്നിവ അദ്ദേഹത്തിൻ്റെ ബഹുമതികളിൽ ഉൾപ്പെടുന്നു.
ഫെബ്രുവരി 17 ന് ന്യൂ സൗത്ത് വെൽസിലെ സെൻട്രൽ കോസ്റ്റിലെ ഒരു നഴ്സിംഗ് ഹോമിൽ വെച്ചാണ് ആ വലിയ മനുഷ്യൻ അന്തരിച്ചത്.
Leave feedback about this